മലപ്പുറം: ലഹരിയുടെ അടിവേര് അറുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്’- ഒന്‍പത് ദിവസം പിന്നിടുന്പോൾ മലപ്പുറം ജില്ലയിൽ പരിശോധന ശക്തം. സബ് ഡിവിഷൻ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.
രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക ഇന്റലിജൻസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.അവർ നൽകുന്ന വിവരങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതും അതിൽ അന്വേഷണം നടത്തുന്നതും വെവ്വേറെ സംഘങ്ങളാണ്. കൂടാതെ ലഹരി വിരുദ്ധ ബോധവത്കരണം നൽകുന്നതിനായി നാല് പേരടങ്ങുന്ന പ്രത്യേക സംഘത്തെയും സബ് ഡിവിഷൻ തലത്തിൽ നിയോഗിച്ചിട്ടുണ്ട്.
പദ്ധതി ആരംഭിച്ചതിന് ശേഷം ജില്ലയിൽ നാളിതുവരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 180 കേസുകൾ രജിസ്റ്റർ ചെയ്തു. 211 പ്രതികൾ അറസ്റ്റിലായി. പ്രതികളിൽ 21 പേരെ റിമാൻഡ് ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ നാല് കേസുകൾ കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളും അഞ്ച് മീഡിയം ക്വാണ്ടിറ്റി കേസുകളുമാണ്.
120 ഗ്രാം എംഡിഎംഎ, 850 ഗ്രാം കഞ്ചാവ്, വളാഞ്ചേരിയിൽ ജീപ്പിന്റെ രഹസ്യഅറയിൽ സൂക്ഷിച്ച 334 ഗ്രാം ബ്രൗണ്‍ ഷുഗർ തുടങ്ങിയവയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം പോലീസ് പിടിച്ചെടുത്തത്.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ മോസ്കോ പാറയിൽ നിന്ന് എയർഗണ്‍, സ്റ്റീൽ നഞ്ചക്ക്, മെറ്റൽ നക്ക്ൾ പഞ്ച് തുടങ്ങിയ മാരകായുധങ്ങളും ചെറിയ അളവിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ കോട്പ നിയമപ്രകാരം 17 കേസുകൾ രജിസ്റ്റർ ചെയ്തു. 17 പ്രതികളെ അറസ്റ്റ് ചെയ്തു. ലഹരി മാഫിയയ്ക്കെതിരേ സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ജില്ലയിൽ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.